ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം ജില്ലയില്‍ ഭൂപ്രകൃതിയിലും ജനസംഖ്യയിലും മുന്നില്‍ നില്‍ക്കുന്ന പഞ്ചായത്താണ് പാറശാല. പി.കേശവ പിള്ളയായിരുന്നു വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ്.  ഇ.സാമുവല്‍, എ.എസ്.അമൃതം, ഇ.പരമേശ്വര പിള്ള, എ.കൃഷ്ണന്‍ എന്നിവര്‍ യൂണിയന്‍ അംഗങ്ങളായിരുന്നു. 1951 ഫെബ്രുവരി 2 ന് ഇ.പരമേശ്വര പിള്ളയെ യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞടുത്തു. 1952-ല്‍ പഞ്ചായത്ത് ആക്ട് നിലവില്‍ വന്നതോടെ വില്ലേജ് യൂണിയന്‍ പഞ്ചായത്തായി മാറി. 1953-ല്‍ ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്.സെല്‍വ നായകം പ്രസിഡന്റായ ഭരണ സമിതി നിലവില്‍ വന്നു. കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാട് സംസ്ഥാനത്തോട് തൊട്ടുരുമ്മി കിടക്കുന്ന, പ്രകൃതി രമണീയത നിറഞ്ഞ പഞ്ചായത്താണ് പാറശാല. തിരുവനന്തപുരം ജില്ലയില്‍ ഭൂപ്രകൃതിയിലും ജനസംഖ്യയിലും മുന്നില്‍ നില്‍ക്കുന്ന ഈ ഗ്രാമപഞ്ചായത്തില്‍  ചരിത്ര പ്രസിദ്ധമായ ശ്രീ. മഹാദേവര്‍ ക്ഷേത്രവും, ശതാബ്ദി പിന്നിട്ട ചെറുവാരക്കോണം ആബ് മെമ്മോറിയല്‍ ചര്‍ച്ചും ഉള്‍പ്പെടെ 35 ക്ഷേത്രങ്ങളും 32 ക്രിസ്തീയ ദേവാലയങ്ങളും, 2 മോസ്കുകളും ഈ ഗ്രാമപഞ്ചായത്തിലുണ്ട്. കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന വയലേലകളും യക്ഷിക്കഥകളെ ഓര്‍മ്മിപ്പിക്കുന്ന കരിമ്പന കൂട്ടങ്ങളും തെങ്ങിന്‍തോപ്പും, വാഴത്തോപ്പുമെല്ലാം ഈ പഞ്ചായത്തിന്റെ വിഭവ സമൃദ്ധി വിളിച്ചറിയിക്കുന്നു. 1970-കള്‍ വരെ പനകയറ്റും, നെല്‍കൃഷിയും മരച്ചീനി കൃഷിയും ഈ ഗ്രാമപഞ്ചായത്തിന്റെ പ്രധാന തൊഴിലുകളായിരുന്നു. കാലാന്തരത്തില്‍ നെല്‍കൃഷി  ലാഭകരമല്ലാതായതു കൊണ്ട് നെല്‍പ്പാടങ്ങളില്‍ തെങ്ങുകൃഷി വ്യാപകമാകുകയും പനകയറ്റം ആദായകരമല്ലാത്ത തൊഴിലായതു കൊണ്ട് കൂടുതല്‍ പേരും കെട്ടിടനിര്‍മ്മാണ രംഗത്ത് ചേക്കേറുകയുമുണ്ടായി. കര്‍ഷകരും, കര്‍ഷക തൊഴിലാളികളും കെട്ടിടനിര്‍മ്മാണ തൊഴിലാളികളും മത്സ്യ തൊഴിലാളികളും, കളിമണ്‍ വ്യവസായ തൊഴിലാളികളും എണ്ണയാട്ടു തൊഴിലാളികളും മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൌഹാര്‍ദ്ദത്തോടെ നിവസിക്കുന്നു.   അയിത്താചാരങ്ങള്‍ നിലനിന്നിരുന്ന കാലത്തും താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കിയിരുന്നത് ഈ നാടിന്റെ അന്തസ് ഉയര്‍ത്തിക്കാട്ടുന്ന ചരിത്രം തന്നെയാണ്. പാറശ്ശാലയില്‍ കീഴത്തോട്ടം വാര്‍ഡില്‍ രാമറത്തല വീട്ടില്‍ അന്തരിച്ച സ്വതന്ത്ര്യ സമര സേനാനി ശ്രീ.കെ.രാമകൃഷ്ണന്‍ തമ്പി അയിത്തത്തിനെതിരെ സ്വീകരിച്ച നടപടികള്‍ എക്കാലവും സ്മരിക്കപ്പെടുന്നതാണ്. പാറശ്ശാലയില്‍ ചായക്കട തുടങ്ങി, ചിരട്ട സമ്പ്രദായം അവസാനിപ്പിച്ച്, എല്ലാവര്‍ക്കും ഒരേ ഗ്ലാസില്‍ ചായ കൊടുത്തു കൊണ്ടാണ് അദ്ദേഹം അയിത്തത്തിനെതിരെ പോരാടിയത്