ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1970-കള്‍ വരെ പനകയറ്റവും, നെല്‍കൃഷിയും മരച്ചീനി കൃഷിയും ഈ ഗ്രാമപഞ്ചായത്തിന്റെ പ്രധാന തൊഴിലുകളായിരുന്നു. കാലാന്തരത്തില്‍ നെല്‍കൃഷി ലാഭകരമല്ലാതായതു കൊണ്ട് നെല്‍പ്പാടങ്ങളില്‍ തെങ്ങുകൃഷി വ്യാപകമാകുകയും പനകയറ്റം ആദായകരമല്ലാത്ത തൊഴിലായതു കൊണ്ട് കൂടുതല്‍ പേരും കെട്ടിടനിര്‍മ്മാണ രംഗത്ത് ചേക്കേറുകയുമുണ്ടായി. കര്‍ഷകരും, കര്‍ഷക തൊഴിലാളികളും കെട്ടിടനിര്‍മ്മാണ തൊഴിലാളികളും മത്സ്യ തൊഴിലാളികളും, കളിമണ്‍ വ്യവസായ തൊഴിലാളികളും എണ്ണയാട്ടു തൊഴിലാളികളും മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൌഹാര്‍ദ്ദത്തോടെ നിവസിക്കുന്നു. അയിത്താചാരങ്ങള്‍ നിലനിന്നിരുന്ന കാലത്തും താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കിയിരുന്നത് ഈ നാടിന്റെ അന്തസ് ഉയര്‍ത്തിക്കാട്ടുന്ന ചരിത്രം തന്നെയാണ്. പാറശ്ശാലയില്‍ കീഴത്തോട്ടം വാര്‍ഡില്‍ രാമറത്തല വീട്ടില്‍ അന്തരിച്ച സ്വതന്ത്ര്യ സമര സേനാനി ശ്രീ.കെ.രാമകൃഷ്ണന് തമ്പി അയിത്തത്തിനെതിരെ സ്വീകരിച്ച നടപടികള്‍ എക്കാലവും സ്മരിക്കപ്പെടുന്നതാണ്. പാറശ്ശാലയില്‍ ചായക്കട തുടങ്ങി, ചിരട്ട സമ്പ്രദായം അവസാനിപ്പിച്ച്, എല്ലാവര്ക്കും ഒരേ ഗ്ലാസില്‍ ചായ കൊടുത്തു കൊണ്ടാണ് അദ്ദേഹം അയിത്തത്തിനെതിരെ പോരാടിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം പാറശ്ശാല പഞ്ചായത്ത് ആകുന്നതിനും ഏഴു വര്‍ഷം മുമ്പ് പാറശ്ശാല വില്ലേജ് യൂണിയനില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നവരായിരുന്നു അംഗങ്ങള്‍.